വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.